Monday, 28 September 2015

തിരുവതാംകൂര്‍ ശില്‍പ്പഭംഗിയില്‍ തല ഉയര്‍ത്തി ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനെല്ലൂര്‍ മന.


ഇരിങ്ങാലക്കുട: പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനെല്ലൂര്‍ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്‍പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റെഅനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്‍തലമുറക്കാരാണ് ഇപ്പോഴത്തെ തരണനെല്ലൂര്‍ മനക്കാര്‍. തിരുവതാംകൂര്‍ രാജാവിന്റെ പുരോഹിതസ്ഥാനം വഹിക്കുന്നത് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ തന്ത്രിമാരാണ്. കൊച്ചി രാജ്യത്തിന്റെ കിഴിലുള്ള ഇരിങ്ങാലക്കുടയിലാണ് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയായതിനാല്‍ തിരുവതാംകൂര്‍ രാജാക്കന്‍മാര്‍ പുരോഹിത കുടുംബത്തിന് തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള അതിഗംഭീരമായ മനയാണ് നിര്‍മ്മിച്ചുനല്‍കിയത്. സ്വതന്ത്രലബ്ദിക്ക് മുമ്പ് വരെ തിരുവതാംകൂര്‍ രാജ്യഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ മന.   തിരുവതാംകൂര്‍ ശില്‍പ്പചാരുതയുടെ വിസ്മയമാണ് ഇരിങ്ങാലക്കുട താണിശ്ശേരിയിലുള്ള നെടുമ്പിള്ളി തരണനെല്ലൂര്‍ മന. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന 1800 കാലഘട്ടത്തില്‍ തിരുവതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുന്നാള്‍ മഹാരാജാവാണ് പുതുക്കിപണിതത്. മരത്തിലാണ് തെക്കിനി തളം നിര്‍മ്മിച്ചിരിക്കുന്നത്. തെക്കിനി തളത്തിന്റെ വാതിലിന് ഇരുവശത്തും മരത്തില്‍ കടഞ്ഞ അഴികളും, മുകളില്‍ ശില്‍പ്പവും പുറത്തെ ദീപസ്തംഭവുമാണ് നമ്മെ വരവേല്‍ക്കുക. അകത്തേയ്ക്ക് കയറിയാല്‍ മുകള്‍വശത്ത് മരത്തില്‍ ഒരു വിസ്മയലോകമാണ്. ഒരടി ചതുരത്തില്‍ 172 വ്യത്യസ്ത താമരകള്‍, ചുറ്റും നാഗങ്ങള്‍, ഗണപതി, അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, അര്‍ജ്ജുനന്റെ തപസ്സ്, കിരാത മൂര്‍ത്തി തുടങ്ങിയ ശില്‍പ്പങ്ങളും തെക്കിനിയെ മനോഹരമാക്കുന്നു. അതിലും വലിയ വിസ്മയങ്ങളാണ് നടുത്തളത്തില്‍. ഒരടി വണ്ണത്തിലുള്ള പന്ത്രണ്ട് തുണുകളിലാണ് ഉത്തരത്തിന്റെ കഴുക്കോലുകള്‍ വന്നിരിക്കുന്നത്. തൂണുകള്‍ക്ക് മുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്.തെക്കിനിയില്‍ പരദേവതയായ വേട്ടെയ്‌ക്കൊരു മകന്റേയും ഭഗവതിയുടേയും ശ്രീകൃഷ്ണന്റേയും പ്രതിഷ്ഠകളുണ്ട്. പടിഞ്ഞാറെ അറയുടെ മുകളില്‍ കാളിയമര്‍ദ്ദനം, ശ്രീരാമന്‍, സീത ലക്ഷ്മണന്‍, ഗിതോപദേശം, ശ്രീപത്മനാഭന്റെ ആറാട്ട് ഘോഷയാത്ര, അശോക വനിയിലെ സീത, തുടങ്ങിയ ശില്‍പ്പങ്ങളും കാഴ്ചക്കാരില്‍ അത്ഭുതമുളവാക്കുന്നു. തൂണുകള്‍ക്ക് മുകളിലെല്ലാം തേക്കിന്റെ തടികളാണ് കയറ്റിവെച്ചിരിക്കുന്നത്. കഴുക്കോലില്‍ കൂടല്‍മാണിക്യസ്വാമിയും, വ്യാളികളും കൊത്തിവെച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ പൂര്‍വ്വികര്‍ക്ക് തിരുവതാംകൂര്‍ രാജാവ് നിര്‍മ്മിച്ചുനല്‍കിയതാണ് ഈ മന. ആദ്യം രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന മനയില്‍ ശേഷിക്കുന്നത് പ്രധാന നാലുകെട്ടുമാത്രമാണ്. ആറായിരത്തിയഞ്ചൂറ് ചതുരശ്ര അടിയുണ്ട് ഇപ്പോഴത്തെ മനയ്ക്ക്. അതിനുമദ്ധ്യത്തിലുള്ള നടുമുറ്റത്തിന് ആയിരത്തിയഞ്ചൂറ് ചതുരശ്ര അടി ചുറ്റളവുണ്ട്. കേരളത്തില്‍ ഇത്രയും വലിയ നടുത്തളമുള്ള മനകള്‍ അപൂര്‍വ്വമാണ്. മലയാറ്റൂര്‍ മലയില്‍ നിന്നും കൊണ്ടുവന്ന തേക്കിന്‍ തടി ഉപയോഗിച്ചാണ് മന നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വ വൈദിക, താന്ത്രിക ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. യജൂര്‍വേദത്തിലെ വാധൂലക സൂത്രക്കാരായ ഈ ഗൃഹക്കാരുടെ പക്കലുള്ള വാധൂലക ശൂത സ്മാര്‍ത്ത ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിന് ദേശ-വിദേശങ്ങളില്‍ നിന്നും ധാരാളം പണ്ഡിതന്മാരും ഈ മനയിലെത്തുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ സംസ്‌കൃത പഠനവും, താന്ത്രിക പഠനവും ഇവിടെ നല്‍കി വന്നിരുന്നു. 
നിര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമായ മന ഇന്ന് പരിപാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പഴയകാലത്തിന്റെ തിരുശേഷിപ്പുകളായ ഇത്തരം മനകളെ സംരക്ഷിക്കാനും നിലനിര്‍ത്തുവാനും സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാകണമെന്നാണ് ആവശ്യം.