സെയില്‍സ് ഗേള്‍
നമസ്‌കാരം... ഇത് ഞങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്ടാണ്. ഈ ഡയലോഗും
തോളില്‍ ബാഗും തൂക്കി നില്‍ക്കുന്ന യുവാക്കളും എത്രതവണ നിങ്ങളുടെ വാതില്‍പ്പടിയില്‍
എത്തിയിട്ടുണ്ടാകും.
''ഗേറ്റ് കടന്നുവരുന്ന ഒരു പെണ്‍കുട്ടി. അവള്‍ തോളില്‍ വലിയൊരു ബാഗ് തൂക്കിയിട്ടിട്ടുണ്ട്. കൈയില്‍ രണ്ടോ മൂന്നോ പായ്ക്കറ്റുകള്‍. കസേരയിലിരുന്ന് എഴുതുന്ന റോയിയുടെ അടുത്തേക്ക് വന്ന് അവള്‍: ''ഗുഡ് മോണിങ് സര്‍...''
ശബ്ദം കേട്ട് റോയിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി, മുഖം ഉയര്‍ത്തി നോക്കുന്നതോടെ ഞെട്ടലായി മാറുന്നു.
അവള്‍: ''വിപ്ര കിച്ചണ്‍ പ്രോഡക്ട്‌സിന്റെ ലളിതവും ഉപകാരപ്രദവുമായ ചില ഉത്പന്നങ്ങളുമായാണ് സര്‍, ഞാന്‍ വന്നിരിക്കുന്നത്. (ബാഗ് തുറന്നുകൊണ്ട്) സര്‍, സാറിന്റെ അമ്മയും ഭാര്യയും സഹോദരിയുമെല്ലാം അടുക്കളയില്‍ ചാരവും അഴുക്കുമെല്ലാം...''
അവള്‍ മുഴുവനാക്കും മുമ്പേ റോയി തലയ്ക്ക് കൈകൊടുത്തുകൊണ്ട്: ''ഛെ... ഛെ... ഛെ... സ്റ്റോപ്പിറ്റ്...''
അവള്‍: (ബാഗില്‍ നിന്ന് കൈയുറകള്‍ എടുത്തിട്ട്) ''സര്‍ സ്ത്രീകള്‍ക്ക് അടുക്കളയില്‍ കൈയുറകള്‍...''
റോയി: ''വേണ്ട... സ്ത്രീകള്‍ക്ക് കൈയുറകളേ ആവശ്യമില്ല''
അവള്‍: (കൈയുറകള്‍ ബാഗില്‍ വച്ച്) ''സര്‍, ഗ്യാസ് സേവര്‍ ഉണ്ട്... ഗ്യാസ് ലാഭിക്കാം.''
റോയി: (കടുപ്പിച്ച് ) ''വേണ്ട, ആ ലാഭം വേണ്ട (എഴുത്ത് തുടരുന്നു)''
അവള്‍: (മുഖത്ത് നിരാശ കലര്‍ന്നെങ്കിലും അപ്പോള്‍ത്തന്നെ ചിരിവിടര്‍ത്തി ബാഗില്‍ നിന്ന് അടുത്ത പാക്കറ്റ് എടുത്ത്) ''മടക്കാവുന്നതും കത്രിക മുതല്‍ ചട്ടുകം വരെയാക്കാവുന്നതുമായ ഏഴ് ഉപകരണങ്ങള്‍ ഒന്നില്‍... സെവന്‍ സമുറായ്... ഏഴ് ഉപയോഗങ്ങള്‍ നടക്കും. കറിക്കരിയാം, പപ്പടം കാച്ചാം...''
റോയി: (ദേഷ്യപ്പെട്ട്) ''കുട്ടീ... ഡിസ്റ്റര്‍ബ് ചെയ്യാതെ പോകൂ... ഞാന്‍ സീരിയസായി ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്...''
അവള്‍: (ദയനീയ ഭാവത്തില്‍) ''എന്തെങ്കിലുമൊന്ന് എടുക്കൂ സര്‍...''
റോയി: (ഇരുകൈകളും തലയില്‍ വച്ചുകൊണ്ട്) ''കുട്ടീ... ഇതൊന്നും ഇവിടെ ആവശ്യമില്ല... എനിക്കിപ്പോള്‍ ആവശ്യം കുറച്ച് ഭാവനയാണ്... അതുണ്ടാകുമോ കുട്ടിയുടെ കൈയില്... ഛെ... നാശം ആലോചിച്ചോണ്ടു വന്നതൊക്കെ പോയി...''
അവള്‍: (അല്‍പ്പം ആലോചിച്ചശേഷം... മുഖത്ത് വീണ്ടും ചിരി വരുത്തി) ''ബ്രെയിന്‍ മസ്സാജര്‍ ഉണ്ട് സര്‍... വേണോ?''
റോയി: (ഇരട്ടി ദേഷ്യത്തോടെ) ''ഛെ... വേറൊന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ...''
അവള്‍: ''ഉറങ്ങിക്കിടക്കുന്ന ബ്രെയിന്‍സെല്ലുകളെ തരംഗങ്ങളിലൂടെ മസ്സാജ് ചെയ്ത് ചിന്തയേയും ഭാവനയേയും ഉണര്‍ത്തും... (ഒരു പാക്കറ്റ് എടുത്ത് നീട്ടി) ബ്രെയിന്‍ മസ്സാജര്‍... എല്ലാ തിരക്കഥാകൃത്തുക്കളും വാങ്ങിയിട്ടുണ്ട്, സര്‍...''
''ഗേറ്റ് കടന്നുവരുന്ന ഒരു പെണ്‍കുട്ടി. അവള്‍ തോളില്‍ വലിയൊരു ബാഗ് തൂക്കിയിട്ടിട്ടുണ്ട്. കൈയില്‍ രണ്ടോ മൂന്നോ പായ്ക്കറ്റുകള്‍. കസേരയിലിരുന്ന് എഴുതുന്ന റോയിയുടെ അടുത്തേക്ക് വന്ന് അവള്‍: ''ഗുഡ് മോണിങ് സര്‍...''
ശബ്ദം കേട്ട് റോയിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി, മുഖം ഉയര്‍ത്തി നോക്കുന്നതോടെ ഞെട്ടലായി മാറുന്നു.
അവള്‍: ''വിപ്ര കിച്ചണ്‍ പ്രോഡക്ട്‌സിന്റെ ലളിതവും ഉപകാരപ്രദവുമായ ചില ഉത്പന്നങ്ങളുമായാണ് സര്‍, ഞാന്‍ വന്നിരിക്കുന്നത്. (ബാഗ് തുറന്നുകൊണ്ട്) സര്‍, സാറിന്റെ അമ്മയും ഭാര്യയും സഹോദരിയുമെല്ലാം അടുക്കളയില്‍ ചാരവും അഴുക്കുമെല്ലാം...''
അവള്‍ മുഴുവനാക്കും മുമ്പേ റോയി തലയ്ക്ക് കൈകൊടുത്തുകൊണ്ട്: ''ഛെ... ഛെ... ഛെ... സ്റ്റോപ്പിറ്റ്...''
അവള്‍: (ബാഗില്‍ നിന്ന് കൈയുറകള്‍ എടുത്തിട്ട്) ''സര്‍ സ്ത്രീകള്‍ക്ക് അടുക്കളയില്‍ കൈയുറകള്‍...''
റോയി: ''വേണ്ട... സ്ത്രീകള്‍ക്ക് കൈയുറകളേ ആവശ്യമില്ല''
അവള്‍: (കൈയുറകള്‍ ബാഗില്‍ വച്ച്) ''സര്‍, ഗ്യാസ് സേവര്‍ ഉണ്ട്... ഗ്യാസ് ലാഭിക്കാം.''
റോയി: (കടുപ്പിച്ച് ) ''വേണ്ട, ആ ലാഭം വേണ്ട (എഴുത്ത് തുടരുന്നു)''
അവള്‍: (മുഖത്ത് നിരാശ കലര്‍ന്നെങ്കിലും അപ്പോള്‍ത്തന്നെ ചിരിവിടര്‍ത്തി ബാഗില്‍ നിന്ന് അടുത്ത പാക്കറ്റ് എടുത്ത്) ''മടക്കാവുന്നതും കത്രിക മുതല്‍ ചട്ടുകം വരെയാക്കാവുന്നതുമായ ഏഴ് ഉപകരണങ്ങള്‍ ഒന്നില്‍... സെവന്‍ സമുറായ്... ഏഴ് ഉപയോഗങ്ങള്‍ നടക്കും. കറിക്കരിയാം, പപ്പടം കാച്ചാം...''
റോയി: (ദേഷ്യപ്പെട്ട്) ''കുട്ടീ... ഡിസ്റ്റര്‍ബ് ചെയ്യാതെ പോകൂ... ഞാന്‍ സീരിയസായി ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്...''
അവള്‍: (ദയനീയ ഭാവത്തില്‍) ''എന്തെങ്കിലുമൊന്ന് എടുക്കൂ സര്‍...''
റോയി: (ഇരുകൈകളും തലയില്‍ വച്ചുകൊണ്ട്) ''കുട്ടീ... ഇതൊന്നും ഇവിടെ ആവശ്യമില്ല... എനിക്കിപ്പോള്‍ ആവശ്യം കുറച്ച് ഭാവനയാണ്... അതുണ്ടാകുമോ കുട്ടിയുടെ കൈയില്... ഛെ... നാശം ആലോചിച്ചോണ്ടു വന്നതൊക്കെ പോയി...''
അവള്‍: (അല്‍പ്പം ആലോചിച്ചശേഷം... മുഖത്ത് വീണ്ടും ചിരി വരുത്തി) ''ബ്രെയിന്‍ മസ്സാജര്‍ ഉണ്ട് സര്‍... വേണോ?''
റോയി: (ഇരട്ടി ദേഷ്യത്തോടെ) ''ഛെ... വേറൊന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ...''
അവള്‍: ''ഉറങ്ങിക്കിടക്കുന്ന ബ്രെയിന്‍സെല്ലുകളെ തരംഗങ്ങളിലൂടെ മസ്സാജ് ചെയ്ത് ചിന്തയേയും ഭാവനയേയും ഉണര്‍ത്തും... (ഒരു പാക്കറ്റ് എടുത്ത് നീട്ടി) ബ്രെയിന്‍ മസ്സാജര്‍... എല്ലാ തിരക്കഥാകൃത്തുക്കളും വാങ്ങിയിട്ടുണ്ട്, സര്‍...''
('വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന സിനിമയില്‍ നിന്ന്)
''നമസ്‌കാരം ചേച്ചീ... മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് പഠിക്കുന്നതിന്റെ ഭാഗമായി പ്രോഡക്ട്‌സൊക്കെ പരിചയപ്പെടുത്താന്‍ വന്നതാണ്... ഈ പ്രോഡക്ടൊന്ന് കൈയിലേക്ക് പിടിക്കൂ... ഇത് ഞങ്ങളുടെ കമ്പനിയുടെ ഏറ്റവും പുതിയ പ്രോഡക്ടാണ്... ഈ ലിക്വിഡ് മള്‍ട്ടി പര്‍പ്പസാണ്... സാധാരണ ഒരു ലിക്വിഡ് വാങ്ങിച്ചാല്‍ അതുകൊണ്ട് ഒരു ഉപയോഗം മാത്രമേയുണ്ടാകുകയുള്ളൂ... പക്ഷെ, ഇതുകൊണ്ട് പാത്രം കഴുകാം, നിലം തുടയ്ക്കാം, ഭിത്തിയിലെ അഴുക്ക് തുടച്ച് വൃത്തിയാക്കാം, ഹാന്‍ഡ് വാഷായും ഉപയോഗിക്കാം, ബാത്‌റൂം ക്ലീന്‍ ചെയ്യാം... മാത്രമല്ല, ഇപ്പോള്‍ ഈ പ്രോഡക്ട് വാങ്ങുകയാണെങ്കില്‍ വെറും 55 രൂപയ്ക്ക് ചേച്ചിക്ക് ലഭിക്കും... പുറത്ത് ഇതിന് 75 രൂപയാണ്... ഡയറക്ട് മാര്‍ക്കറ്റിങ്ങായതു കൊണ്ടാണ് ചേച്ചിക്ക് ഈ പ്രോഡക്ട് 20 രൂപ ലാഭത്തിന് ലഭിക്കുന്നത്... അപ്പോള്‍ ഈ പ്രൊഡക്ട് എടുക്കാമല്ലോ ചേച്ചീ...''
ഇങ്ങനെ നീണ്ട ഡയലോഗും ഭാരമേറിയ ബാഗും തോളിലിട്ട് ഇവര്‍ നിങ്ങളുടെ വീട്ടിലുമെത്തിയിട്ടുണ്ടാകും... ഡയലോഗിന്റെ മായാജാലത്തില്‍ പലരും ഇവരുടെ കൈയിലുള്ള ഉത്പന്നങ്ങള്‍ വാങ്ങിയിട്ടുമുണ്ടാകും. ഡയലോഗില്‍ കച്ചവടം നടന്നില്ലെങ്കില്‍ സെന്റിമെന്‍സായി... ''മൂന്നുമാസത്തെ ട്രെയിനിങ്ങിന് ശേഷം മാനേജേഴ്‌സ് ആകേണ്ടതാണ്. ടാര്‍ഗെറ്റ് അച്ചീവ് ചെയ്‌തെങ്കില്‍ മാത്രമേ ഇത് എളുപ്പത്തില്‍ സാധ്യമാവുകയുള്ളൂ... പ്ലീസ് ചേച്ചീ ഒരെണ്ണം വാങ്ങൂ...'' ഇനിയും വാങ്ങിയില്ലെങ്കിലോ. ''ചേച്ചിക്കും എന്നെ പോലൊരു മോളുള്ളതല്ലെ...'' ഈ ഒരൊറ്റ ഡയലോഗില്‍ അമ്മമാര്‍ ഫ്ലാറ്റ്... ഒന്നല്ല രണ്ട് പ്രോഡക്ട് വാങ്ങാനും അവര്‍ തയ്യാര്‍...
ഫീല്‍ഡ് വര്‍ക്കാണെന്നറിഞ്ഞല്ല ഇവരില്‍ പലരും ഈ വില്പനരംഗത്തെത്തുന്നത്. മാനേജ്‌മെന്റ് ട്രെയിനിക്കുള്ള പരസ്യംകണ്ട് എത്തുന്നവരാണ് കൂടുതലും. ഫോണിലൂടെയാണ് ആദ്യത്തെ ഇന്റര്‍വ്യൂ നടക്കുക. ഇന്റര്‍വ്യൂന് രണ്ടുദിവസത്തിന് ശേഷം അവര്‍ തരുന്ന അഡ്രസ്സില്‍ രക്ഷിതാക്കളുമായി നേരിട്ട് ഇന്റര്‍വ്യൂവിന് വരാന്‍ ക്ഷണിക്കും.
യൂണിറ്റ് സിനീയര്‍ മാനേജരായിരിക്കും ഇന്റര്‍വ്യൂ നടത്തുക. അതിനിടയില്‍ എടുത്തു ചോദിച്ചാലും ഫീല്‍ഡ് വര്‍ക്കുണ്ടെന്ന് പറയാന്‍ അവര്‍ മടിക്കും. താമസിക്കേണ്ട ഹോസ്റ്റലും സൗകര്യവും കാണിച്ച ശേഷം, ഏറ്റവും അടുത്തദിവസം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടും. അങ്ങനെ ഒന്നുമറിയാതെ എത്തുന്നവരാണ് കൂടുതലും.
വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് വിജയകരമായി ട്രെയിനിങ് പൂര്‍ത്തിയാക്കുക. പലരും ആദ്യ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വീടുപിടിക്കും. കൂടുതലും പിടിച്ചുനില്‍ക്കുന്നത് സ്വദേശികളല്ലാത്തവരാണ്. അതും വീട്ടുകാരോട് ഫീല്‍ഡ് വര്‍ക്കാണ് ചെയ്യുന്നതെന്നറിയിക്കാതെ...
ഒരു സിനീയര്‍ മാനേജരും രണ്ട് അസിസ്റ്റന്റ് മാനേജര്‍മാരും പത്തുപന്ത്രണ്ട് ട്രെയിനികളും അടങ്ങുന്നതാണ് ഒരു ഡയറക്ട് മാര്‍ക്കറ്റിങ് യൂണിറ്റ്. ഇതുപോലെയുള്ള നൂറോളം യൂണിറ്റുകള്‍ അടങ്ങുന്നതാണ് ഒരു ജില്ലാ യൂണിറ്റ്. ട്രെയിനികള്‍ ഫീല്‍ഡിലേക്ക് പുറപ്പെടും മുമ്പ് സീനിയര്‍ മാനേജര്‍ അവര്‍ക്ക്, മികച്ചരീതിയില്‍ വില്പന നടത്താനുള്ള തന്ത്രങ്ങളും ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനുള്ള വിദ്യകളും പറഞ്ഞുകൊടുക്കും. ഇത് വില്പന നടത്തുന്ന ട്രെയിനികളെ ഈ മേഖലയില്‍ തന്നെ പിടിച്ചുനിര്‍ത്താനും സുഗമമായി വില്പന നടത്താന്‍ പ്രേരിപ്പിക്കുന്നവയുമാണ്. ഫീല്‍ഡില്‍ വില്പന നടത്തുമ്പോള്‍ ഉല്പന്നത്തിന്റെ ഗുണമേന്മ മാത്രമേ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം മാനേജ്‌മെന്റ് ഭാഗത്തുനിന്ന് ഉണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഇത് പലപ്പോഴും സെന്റിമെന്‍സിലേക്ക് വഴുതിവീഴും.
ട്രെയിനികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം പോലും അവധിയില്ല. ട്രെയിനിങ് കാലയളവില്‍ ഫീല്‍ഡില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ഹോസ്റ്റലില്‍ എത്തിയാല്‍ പോലും മൊബൈല്‍ ഫോണിന് കര്‍ശനമായ നിയന്ത്രണമുണ്ട്. സഹപ്രവര്‍ത്തകരെ പരസ്പരം സാര്‍, മാഡം എന്നിങ്ങനെയാണ് സംബോധന ചെയ്യേണ്ടത്. ട്രെയിനികളുടെ മനസ്സിനെ ബിസിനസ്സിനായി പാകപ്പെടുത്താന്‍ വേണ്ടിയാണ് ഈ കര്‍ശന നടപടികളെന്നാണ് യൂണിറ്റ് മാനേജര്‍മാര്‍ പറയുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യമാണ്. ഫീല്‍ഡിലിറങ്ങിയാല്‍ ഉച്ചഭക്ഷണത്തിന്റെ ചെലവ് ട്രെയിനികള്‍ തന്നെ വഹിക്കണം. ട്രെയിനിങ് കാലയളവില്‍ 5,000 രൂപയാണ് ശമ്പളം. ഇതിന് പുറമെ പ്രോഡക്ട് വില്‍ക്കുന്നതിന്റെ കമ്മീഷനും ഇവര്‍ക്ക് ലഭിക്കും. മാനേജരാകാന്‍ മൂന്നുമാസത്തെ ട്രെയിനിങ് കാലാവധിയാണ് പറയുന്നതെങ്കിലും ഇത് പലപ്പോഴും പുതിയ ട്രെയിനികള്‍ യൂണിറ്റിലെത്തും വരെ നീളും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ട്രെയിനികളെ ആദ്യം ആ യൂണിറ്റിലെ തന്നെ അസിസ്റ്റന്റ് മാനേജര്‍ പദവിയിലേക്കാണ് നിയമിക്കുന്നത്. പീന്നീട്, സീനിയര്‍ മാനേജര്‍ പദവിയിലെത്തുമ്പോള്‍ അവര്‍ക്കായി പുതിയ ഒരു യൂണിറ്റ് ഉണ്ടാവും. അങ്ങനെ തുടര്‍ച്ചയായി ഓരോ പുതിയ യൂണിറ്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇങ്ങനെ ഡയറക്ട് മാര്‍ക്കറ്റിങ് മേഖലയുടെ വ്യാപ്തി വര്‍ധിച്ചു കൊണ്ടിരിക്കും. 'മാന്‍ പവര്‍' എന്ന ആശയത്തിലാണ് ഈ മേഖല മുന്നോട്ടു പോവുന്നത്.
ഫീല്‍ഡിലിറങ്ങിയാല്‍ പലരും പലതരത്തിലാണ് ട്രെയിനികളോട് പെരുമാറുന്നത്. മഴയെന്നും വെയിലെന്നും ഭേദമില്ലാതെ, ഭാരമുള്ള ബാഗും പേറി വില്പനയ്ക്കായി ഓരോ വീടും കയറിയിറങ്ങുമ്പോള്‍ പലര്‍ക്കും ഇവരോട് സഹതാപമാണ്. വില്പന നടന്നു കഴിഞ്ഞാലും വീട്ടിലെ വിശേഷം ചോദിക്കലും കുശലം പറച്ചിലുമാകും. ഇങ്ങനെ വ്യക്തിപരമായ ബന്ധം വളര്‍ത്തിയാണ് ഭൂരിഭാഗം ട്രെയിനികളും വില്പന എളുപ്പമാക്കുന്നത്. ഓരോ ട്രെയിനിക്കും ഒരു പ്രദേശത്തു തന്നെ പത്തില്‍ കൂടുതല്‍ സ്ഥിരം വില്പന കേന്ദ്രങ്ങള്‍ ഉണ്ടാകും. അത്തരം വീടുകളില്‍ വേറെ ആരെങ്കിലും വില്പനയ്‌ക്കെത്തിയാലും രക്ഷയില്ല.വീട്ടുകാര്‍ അവരെയെല്ലാം തഴഞ്ഞ് സ്ഥിരം വരുന്ന ആളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങുകയാണ് പതിവ്.
വളരെ ആത്മാര്‍ത്ഥതയോടെ പെരുമാറുന്നവരാണ് ചില വീട്ടുകാരെന്ന് ട്രെയിനികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കൈയില്‍ പൈസ ഇല്ലാതിരുന്നിട്ടും അടുത്ത വീട്ടില്‍ നിന്ന് കടം വാങ്ങി വരെ സാധനം വാങ്ങുന്നവരുണ്ടെന്ന് മാര്‍ക്കറ്റിങ് ട്രെയിനിയായ സനിത പറയുന്നു. മക്കള്‍ വിദേശത്തുള്ള മാതാപിതാക്കള്‍ മക്കളെ കാത്തിരിക്കുന്ന പ്രതീതിയിലാണ് ഓരോ ആഴ്ചയും ഈ വില്പനക്കാരെ കാത്തിരിക്കുന്നത്. പലപ്പോഴും വീട്ടുകാര്‍ പഴവര്‍ഗങ്ങള്‍ മുതല്‍, മക്കള്‍ വിദേശത്തു നിന്നയയ്ക്കുന്ന പല സമ്മാനങ്ങളും ട്രെയിനികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍, ഇതുപോലെ ഊഷ്മളമായ സ്വീകരണമല്ല ഇവര്‍ക്ക് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. കയറി ചെല്ലുമ്പോഴേ നികൃഷ്ട ജീവികളെ പോലെ ആട്ടി പ്പായിക്കുന്നവരുമുണ്ട്. ഈ തൊഴില്‍ മേഖലയെക്കുറിച്ച് പുച്ഛത്തോടെയും പരിഹാസത്തോടെയും സംസാരിക്കുന്നവരുണ്ട്. സ്ത്രീകളായ വില്പനക്കാരെ ശാരീരികാവശ്യത്തിനായി ക്ഷണിക്കുന്നവരുമുണ്ട്. പലപ്പോഴും ഫീല്‍ഡില്‍ നിന്ന് കരയേണ്ട അനുഭവങ്ങള്‍ ഭൂരിഭാഗം ട്രെയിനികള്‍ക്കും ഉണ്ടായിട്ടുണ്ട്.
ഒരുദിവസം 100 വീടുകളില്‍ വില്പനയ്ക്ക് കയറങ്ങി ഇറങ്ങുകയാണെങ്കില്‍ അതില്‍ 10 പേര്‍ എന്ത് പ്രോഡക്ട് കൊണ്ടുചെന്നാലും വാങ്ങിക്കാന്‍ തയ്യാറായവരാണ്, 30 പേര്‍ പാതി മനസ്സില്‍ നില്ക്കുന്നവരാണ്. ഇവരെക്കൊണ്ട് പ്രോഡക്ട് വാങ്ങിപ്പിക്കാനാണ് വാക്ചാതുര്യം പ്രയോജനപ്പെടുത്തേണ്ടി വരികയെന്ന് മാനേജ്‌മെന്റ് ട്രെയിനിയായ സുചിത്ര പറയുന്നു. ബാക്കിയുള്ള 60 പേര്‍ എത്ര വാചകമടിച്ചാലും വാങ്ങില്ല. ഇപ്പോള്‍ ഏകദേശം ഒരാളെ കണ്ടാല്‍ തന്നെ പ്രോഡക്ട് വാങ്ങുമോ ഇല്ലയോയെന്ന് തിരിച്ചറിയാനാവുമെന്നും സുചിത്ര പറയുന്നു.
കേരളത്തിന്റെ എല്ലാ ഭാഗത്തും ഡയറക്ട് മാര്‍ക്കറ്റിങ് ശക്തമായിക്കഴിഞ്ഞു. ഈ തൊഴില്‍ ഏറ്റെടുക്കാനും ഇന്നത്തെ യുവത്വം തയ്യാര്‍... പക്ഷേ, സ്വന്തം നാട്ടില്‍ ഈ തൊഴിലെടുക്കാന്‍ ആര്‍ക്കും വയ്യ... തങ്ങളെ വ്യക്തിപരമായി അറിയാത്ത നാട്ടില്‍ മൂന്നുമാസം വാചകമടിച്ച്, ബാഗും തോളിലേറ്റി നടന്നാലും പ്രതീക്ഷയാണ്; ഇത് കഴിഞ്ഞുകിട്ടിയാല്‍ ഞാനും ഒരു മാനേജരാണല്ലോ...
മാര്‍ക്കറ്റിങ് ട്രെയിനികള്‍ എന്ന പരിചയപ്പെടുത്തലുമായി വാതില്‍ക്കല്‍ മുട്ടുന്നവരുടെ മുന്നില്‍ തുറക്കപ്പെടുന്നത് എത്രയെത്ര അനുഭവങ്ങള്‍... ക്യാമറയില്‍നിന്ന് മുഖം ഒളിപ്പിച്ച് അവര്‍ പറയുന്നു.
വിനിത
(തിരുവനന്തപുരം സ്വദേശിനി)
ആദ്യ ദിവസങ്ങളില്‍ ആലുവ പ്രദേശത്തായിരുന്നു വില്പന നടത്തേണ്ടിയിരുന്നത്. ആദ്യം കയറിച്ചെന്ന അഞ്ച് വീടുകളില്‍ ചിരിച്ചുകൊണ്ട് വാചകമടിച്ച് പ്രോഡക്ടുകളുടെ ഗുണമേന്മകള്‍ വിവരിച്ചിട്ടും ആരും പ്രോഡക്ട് വാങ്ങാന്‍ തയ്യാറായില്ല. മനസ്സില്‍ നിരാശ കടന്നുകൂടി. ബാഗിന്റെ ഭാരം തോളിനെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. എന്നാലും ആറാമത്തെ വീട്ടില്‍ മുഖത്ത് ചിരി വരുത്തിത്തന്നെ കടന്നുചെന്നു. മുപ്പത്-മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാള്‍ മാത്രമാണ് അവിടെയുണ്ടായത്. ഞാന്‍ പ്രോഡക്ടിനെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോഴേ അയാളുടെ നോട്ടത്തിലും ഭാവത്തിലും എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. അപ്പോള്‍ മനസ്സില്‍ എങ്ങനെയെങ്കിലും ഇയാളെക്കൊണ്ട് പ്രോഡക്ട് എടുപ്പിക്കണമെന്ന ചിന്തയായിരുന്നു. അയാള്‍ എന്റെ കൈയില്‍ നിന്ന് മൂന്ന് പ്രോഡക്ട് വാങ്ങി. പൈസ തരുമ്പോള്‍ അയാളെന്നോട് പറഞ്ഞു: ''ഇങ്ങനെ ബാഗും തൂക്കി നടന്നിട്ട് നിനക്കെന്ത് കിട്ടാനാ... എനിക്കുവേണ്ടി ഒന്ന് സഹകരിക്ക്... ആരും അറിയില്ല... കൈനിറയെ പണോം തരും ഞാന്‍.'' ബാഗ് തോളിലിട്ട് ആ വീട്ടുമറ്റത്തു നിന്ന് ഓടുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. റോഡിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു. പിന്നീടൊരിക്കലും ഞാന്‍ പുരുഷന്മാര്‍ മാത്രമുള്ളയിടങ്ങളില്‍ വില്പന നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. ദൈവഭാഗ്യംകൊണ്ടാ അന്ന് ഞാന്‍ രക്ഷപ്പെട്ടത്...
നീരജ
(തൃശ്ശൂര്‍ സ്വദേശിനി)
''ഹലോ മാഡം... ഇവിടെ നിങ്ങളുടെ സാധനങ്ങളൊന്നും വേണ്ടാട്ടോ... ഇങ്ങനെ ബാഗും തൂക്കി വീടുതോറും നടക്കാന്‍ ഇതിനൊന്നും ഒരു നാണവുമില്ലേ.. അഴിച്ചിവിട്ടിരിക്കുകയാണേ...'' ഗേറ്റ് കടക്കുമ്പോള്‍ പരിഹാസം എനിക്ക് കേള്‍ക്കാമായിരുന്നു. വല്ലാത്ത വിഷമത്തിലാണ് അടുത്ത വീട്ടിലേക്ക് കയറിച്ചെന്നത്. വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല. എന്റെ വിളികേട്ട് ഒരു അപ്പൂപ്പന്‍ വിളിച്ചുപറഞ്ഞു: ''ദേ ഒരു കൊച്ച് വന്നേക്കണ് അതിന്റെ കൈയില്‍ നിന്നും എന്തേലും വാങ്ങിയേ...'' അപ്പോള്‍ തന്നെ അമ്മൂമ്മ വന്നു. എന്തോ പ്രോഡക്ടിനെക്കുറിച്ച് പറയാന്‍ തുടങ്ങിയതും ഞാന്‍ കരഞ്ഞുപോയി. എത്ര നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ആ പാവങ്ങള്‍ പേടിച്ചുപോയി. എന്നെ അവിടെ പിടിച്ചിരുത്തി ആശ്വസിപ്പിക്കാന്‍ തുടങ്ങി. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്റെ കൈയിലുണ്ടായിരുന്ന ഒരു ഉല്പന്നം പോലും ആവശ്യമുണ്ടായിരുന്നില്ല. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി അവര്‍ മൂന്ന് പ്രോഡക്ടുകള്‍ വാങ്ങി. പൈസയുമായി തിരിച്ചുവരുമ്പോള്‍ അമ്മൂമ്മയുടെ കൈയില്‍ ഒരു ഓറഞ്ചും ആപ്പിളും മിഠായികളും ഉണ്ടായിരുന്നു. അതെനിക്കവര്‍ സമ്മാനിച്ചു. പിന്നെ, അങ്കമാലി പ്രദേശത്ത് വരുമ്പോഴെല്ലാം ഞാന്‍ ആ വീട്ടില്‍ പോവാറുണ്ട്. മക്കള്‍ വിദേശത്തായ ഇവര്‍ക്ക് എന്നോട് വലിയ സ്‌നേഹമുണ്ട്.
ഉണ്ണികൃഷ്ണന്‍
(ആലപ്പുഴ സ്വദേശി)
ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ഞങ്ങളെപ്പോലുള്ള വില്പനക്കാരെ ആദ്യമൊക്കെ സംശയദൃഷ്ടിയിലാവും കാണുക. പ്രോഡക്ട് വാങ്ങിയില്ലെങ്കില്‍ സ്‌നേഹത്തോടെ ചിരിച്ച് കൊണ്ട് സംസാരം തുടര്‍ന്നാല്‍ അവര്‍ക്കത് ആശ്വാസമാണ്. അടുത്ത തവണ ആ പരിസരത്തെത്തുമ്പോള്‍ പഴയ പരിചയം പുതുക്കി സംസാരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് നമ്മളോടൊരു വിശ്വാസവും അടുപ്പവുമൊക്കെ തോന്നും. പയ്യെ പയ്യെ അവര്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാവും. വില്പന നടത്താന്‍ ഇത്തരത്തിലുള്ള അടുപ്പങ്ങള്‍ മുതലെടുത്താലേ രക്ഷയുള്ളൂ.
ജീവിക്കാനല്ലേ ഇങ്ങനെ...
അജിത (പള്ളുരുത്തി)
ഉല്പന്നങ്ങള്‍ ആവശ്യമുണ്ടായിട്ട് വാങ്ങുന്നതല്ല. വരുന്ന പിള്ളേരോടുള്ള സ്‌നേഹം കൊണ്ട് വാങ്ങിച്ചുപോവുന്നതാ. ചിരിച്ചുകൊണ്ട് നല്ല സ്‌നേഹത്തിലാണവര്‍ സംസാരിക്കുന്നത്. സ്വന്തം ആളുകളോട് എന്നപോലെ അവര്‍ സംസാരിക്കുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നാറുണ്ട്. ഇനി വാങ്ങിക്കില്ല എന്ന് നിശ്ചയിച്ചിരുന്നാലും അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അറിയാതെ വാങ്ങിപ്പേവും.
കവിത (കടുങ്ങല്ലൂര്‍)
എന്റെ പ്രായമുള്ള കുട്ടികളാണ് മിക്കവാറും വില്പനയ്‌ക്കെത്തുന്നത്. ആദ്യമൊക്കെ 'ശല്യം ഒന്നു പോയാല്‍ മതി'യെന്ന് പറഞ്ഞായിരുന്നു പ്രോഡക്ട് വാങ്ങിയിരുന്നത്. പക്ഷെ, ഈയിടെയാണ് അവരെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. വാതോരാതെ ഭംഗിയായി സംസാരിക്കാന്‍ കഴിവുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. കൈവിരലിലേക്ക് നോക്കിയാല്‍ ഭാരം തൂക്കിപ്പിടിച്ചതുകൊണ്ടുള്ള തഴമ്പുകള്‍ കാണാം. ഷോള്‍ഡറിലും കാണുമായിരിക്കും ഇത്തരത്തില്‍ തഴമ്പ്. അങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്ത സഹതാപം തോന്നും. ജീവിക്കാനല്ലേ ഇങ്ങനെ... ഈ സഹതാപം മുതലെടുത്ത് കൂടുതല്‍ പ്രോഡക്ട് വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.





No comments:
Post a Comment