Saturday, 17 March 2018

കൊടുങ്ങല്ലൂര്‍ ഭരണി


''കൊടുങ്ങല്ലൂര്‍ ഭരണി'' 


കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് ''കൊടുങ്ങല്ലൂര്‍ ഭരണി'' എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് കൊടുങ്ങല്ലൂര്‍ ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനത്തിലെ തിരുവോണം നക്ഷത്രം മുതല്‍ അശ്വതി നാള്‍ വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് മുഴുവനും ക്ഷേത്രനട തുറന്നിരിക്കുന്നു. ഭരണിയോടനുബന്ധിച്ചു ദര്‍ശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂര്‍ പില്‍ക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന ദ്രാവിഡ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. അശ്വതി നാളിലെ കാവുതീണ്ടലില്‍ പങ്കെടുക്കുന്ന ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകള്‍ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഈ പാട്ട് പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. ആദ്യകാലത്തു ദ്രാവിഡജനത തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ ഒരു പങ്ക് സമര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ ദുഃഖങ്ങളും പ്രാരാബ്ധങ്ങളും ഭക്തിപ്പാട്ടായി പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നതായി കരുതുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാന്‍ ശിവഗണങ്ങള്‍ ദേവീസ്തുതികള്‍ പാടി നൃത്തം ചവിട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവം എന്നും; നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു സംഹാരരുദ്രയായിമാറി മധുരാനഗരം ദഹിപ്പിച്ച കണ്ണകിയെ സാന്ത്വനിപ്പിക്കാന്‍ ആണെന്നും വിശ്വസിക്കപ്പെടുന്നു. ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കന്‍ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. കൊടുങ്ങല്ലൂര്‍ക്കാരായ ദ്രാവിഡരും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികള്‍, പുലയര്‍, അരയര്‍, വള്ളോന്‍, വേലന്‍ എന്നിങ്ങനെ പല സമുദായങ്ങള്‍ക്ക് ഭരണിയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാളില്‍ വിശ്വകര്‍മ്മജര്‍ പട്ടും താലിയും സമര്‍പ്പിക്കുന്നതില്‍ തുടങ്ങി തച്ചോളി വീട്ടുകാരുടെ കോഴിക്കല്ല് മൂടലില്‍ തുടങ്ങി, രേവതി വിളക്ക് തൊഴല്‍, അശ്വതി നാളിലെ തൃച്ചന്ദനചാര്‍ത്ത് പൂജ, 'കാവ് തീണ്ടല്‍' എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഈ സമയത്ത് ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും ധരിച്ച കോമരക്കൂട്ടങ്ങള്‍ ഉറഞ്ഞു തുള്ളുന്നു, ഭക്തര്‍ മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളില്‍ ആഞ്ഞടിച്ചു പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു. രേവതിനാളിലെ ദേവീദര്‍ശനം ഐശ്വര്യപ്രദമായി കരുതപ്പെടുന്നു. വാളും ചിലമ്പും സമര്‍പ്പിക്കുക, ചുവന്ന പട്ടുകൊണ്ടു കോഴിക്കല്ലു മൂടല്‍, രോഗദുരിത ശാന്തിക്കായി വസൂരിമാലക്ക് മഞ്ഞളും കുരുമുളകും ആടിക്കുക, മാറാത്ത ശ്വാസകോശരോഗങ്ങള്‍ അകലുവാന്‍ തവിടാട്ടുമുത്തിക്ക് (ചാമുണ്ഡാദേവി) തവിട് ആടിക്കുക, ഇഷ്ടവിവാഹത്തിനും ദീര്‍ഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക, പഴക്കുലയും കോഴിയും സമര്‍പ്പിക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. ശാക്തേയപൂജയില്‍ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങള്‍ ആണ് കൂടുതലും ഭരണിക്ക് കാണപ്പെടുന്നത്.


പേരിനു പിന്നില്‍
കുംഭമാസത്തിലെ ഭരണി നാളില്‍ കൊടിയേറി മീനമാസത്തിലെ ഭരണി നാള്‍ വരെ നീണ്ടു നില്‍കുന്ന ഒരു മാസത്തെ ആചാര അനുഷ്ഠാനങ്ങളാണ് ഈ പേരിനു കാര്യണം. മീനമാസത്തിലെ ഭരണി നാളില്‍ അഘോഷങ്ങള്‍ ഒന്നും ഇല്ല. തലേന്നുള്ള അശ്വതി നാളില്‍ പ്രസിദ്ധമായ കാവു തീണ്ടല് ആചാരത്തോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.

ഐതിഹ്യം
ആദിപരാശക്തി ദാരുകനില്‍ വിജയം വരിച്ച രേവതി നാളിലാണ് പ്രസിദ്ധമായ 'രേവതി വിളക്ക്' നടത്തപ്പെടുന്നത്. ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവഗണങ്ങള്‍ ദേവീസ്തുതികള്‍ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണെന്നും, നിരപരാധിയായ ഭര്‍ത്താവിനെ വധിച്ച പാണ്ഢ്യനെ ശപിച്ച് മധുരാനഗരം ദഹിപ്പിച്ച പതിവ്രതയായ കണ്ണകിയുടെ കോപമകറ്റാന്‍ ആണെന്നും; അതല്ല ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായുള്ള ലൈംഗികാരാധനയായ മൈഥുനത്തിന് പകരമാണ് ഇതെന്നും വിശ്വാസമുണ്ട്. ജീവന്റെ നിലനില്‍പ്പിനും പ്രകൃതിപുരുഷബന്ധത്തിനും ആധാരമായ ലൈംഗികതയെ പ്രാചീന ഭാരതത്തില്‍ ഒരു പാപം, അശ്ലീലം എന്നതില്‍ ഉപരിയായി ചില ദൈവീക മാനങ്ങള്‍ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളില്‍ കാണാം. ബലിയുടെ പകരമായാണ് ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടുന്ന ചടങ്ങു നടത്തുന്നത്.

ചരിത്രം
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ കാരണഭൂതയായ കണ്ണകി പാണ്ഡ്യനാട്ടില്‍ നിന്നും ചേര രാജ്യത്തെത്തിയതാണെന്നാണല്ലോ വിശ്വാസം. ഇതിനു ഉപോത്ഫലകമായി നിരവധി തെളിവുകള്‍ കാണിക്കുന്നുണ്ട്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ മംഗളമലയിലുള്ള ബുദ്ധവിഹാരത്തിലാണ് കണ്ണകി ആദ്യം അഭയം തേടിയത്. ഇത് ബുദ്ധ സന്യാസിനിമാരുടെ വിഹാരമായിരുന്നു. പില്‍ക്കാലത്ത് സംബന്ധമൂര്‍ത്തി എന്ന ശൈവ സന്യാസിയുടെ നേതൃത്വത്തില്‍ പ്രത്യേക സൈന്യം ശൈവസിദ്ധാന്ത പ്രചാരണര്‍ത്ഥം പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം തേര്‍വാഴ്ച നടത്തി ബുദ്ധഭിക്ഷുക്കളെയെല്ലാം കൊന്നൊടുക്കിയെന്നും അതിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ആഘോഷങ്ങളും നടത്തിയിരുന്നും എന്നും പറയപ്പെടുന്നു. ബുദ്ധവിഹാരമായിരുന്ന കൊടുങ്ങല്ലൂരായിരുന്നു പ്രമുഖ ബുദ്ധഭിക്ഷുക്കളുടെ അഭയകേന്ദ്രവും. വടക്കന്‍ ജില്ലകളില്‍ നിന്നു വന്ന തീര്‍ത്ഥാടകര്‍ അവരുടെ അവകാശത്തറയില്‍ സ്ഥാനം പിടിച്ചിരിക്കുന്നുഈ ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂര്‍ ഭരണി ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

പ്രത്യേകതകള്‍
രേവതി വിളക്ക് തൊഴല്‍, അശ്വതി കാവ് തീണ്ടല്‍, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല് മൂടല്, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളില്‍ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്.കൊടുങ്ങല്ലൂര്‍ കാവില്‍ കൊടിമരമില്ല. വടക്കേനടയിലും കിഴക്കേനടയിലും തോരണം പോലെ കൊടിക്കൂറകള്‍ കെട്ടുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള ആല്‍മരങ്ങളില്‍ കെട്ടിത്തൂക്കുകയുമാണ് ചെയ്യാറുള്ളത്. ധാരാളം കൊടിതോരണങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. കുംഭ ഭരണി ദിവസം രാവിലെ ഭഗവതിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനുള്ള അവകാശം മലയന്‍ തട്ടാനാണ്.


കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട-കൊടുങ്ങലൂര്‍ രാജാവിന്റെ കോയ്മയായ നമ്പൂതിരിയാണ് ഉയര്‍ത്തുന്നത്
രേവതി നാളിലെ 'രേവതി വിളക്ക് തൊഴല്‍', ഭരണിക്ക് തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളില്‍) അശ്വതീ കാവു തീണ്ടല്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതല്‍ മീനമാസത്തിലെ അശ്വതിനാള്‍ വരെയുള്ള ദിവസങ്ങളാണ്‍ ആഘോഷങ്ങള്‍ മുഴുവനും. ഇക്കാലയളവില്‍ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൊങ്കാലയും, പൂരവും, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങള്‍ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളില്‍ നിന്നും നിരവധി പേര്‍ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാര്‍ എന്നാണ് വിളിക്കുക.കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ വിശ്വകര്‍മ്മജര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയന്‍ തട്ടാന്‍ എന്നു വിളിക്കുന്ന സ്വര്ണപ്പണിക്കാരനുമാണവര്‍. തട്ടാന്‍ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധിതീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകള്‍ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നു ചേരുന്നു. ഭരണിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ് അവര്‍ വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ് ഇവര്‍ എത്തിയിരുന്നത്. എല്ലാ ജാതിയില്‌പെട്ടവര്‍ക്കും കൊടുങ്ങലൂര്‍ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളില്‍ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തര്‍പ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ് വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂര്‍വ്വം ക്ഷേത്രോത്സവങ്ങളാണ് ഇത്.

കോഴികല്ല് മൂടല്‍
മീനഭരണിക്ക് പത്തു് ദിവസം മുന്‍പാണ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ്. ശ്രീഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്.ആദ്യകാലങ്ങളില്‍ നടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.1953ല്‍ ജന്തു ഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാല്‍ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിര്‍ത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ. കോഴിക്കല്ല് മൂടല്‍ കഴിഞ്ഞ് കാവിന്റെ തെക്കുകിഴക്കേ മൂലയില്‍ കിഴക്കുഭാഗത്തെ ഒരാലില്‍ നിന്നും തെക്കുഭാഗത്തുള്ള ഒരു ആലിലേക്ക് കൊടിക്കൂറകളും ചെറുമണികളും ഇടകലര്‍ത്തി കെട്ടിയ തോരണം ഉയരത്തില്‍ വലിച്ചുകെട്ടുന്നു. അമ്പലത്തിന്റെ പ്രദക്ഷിണവഴിയിലുളള ആലുകളില്‍ തന്നെയാണ് ഇങ്ങനെ കെട്ടുന്നത്. ഇതിനെ വേണാടന്‍ കൊടിയേറല്‍ എന്നാണ് പറയുന്നത്. ഇതു കെട്ടുന്നതും എടമുക്കുകാരായ മൂപ്പന്മാര്‍ (കുടുംബികള്‍) തന്നെയാണ്.
മീന മാസത്തിലെ തിരുവോണ നാളില്‍ അവകാശികളായ ഭഗവതി വീട്ടിലെ പ്രതിനിധികള്‍ വടക്കെ നടയിലെ നടപ്പന്തിലിന്റെ അടുത്തുള്ളപ്രധാന ദീപസ്തംഭതിനു താഴെ, വട്ടത്തിലുള്ള വലിയ രണ്‍റ്റു കല്ലുകള്‍ കുഴിയുണ്ടാക്കി അതിലിട്ട് മൂടുന്നു. അതിനു മേല്‍ മണല്‍ തിട്ടയുണ്ടാക്കി ചുവന്ന പട്ടു വിരിക്കുന്നു. ഭഗവതി വീട്ടിലെ കാരണവര്‍ തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടൊ എന്ന് മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. കോഴികളെ ആദ്യം സമര്‍പ്പിക്കുന്നതിന് അവകാശികളായിട്ടുള്ള വടക്കെ മലബാറിലെ തച്ചോളി തറവാട്ടിലെ പ്രതിനിധികള്‍ മൂന്നു തവണ മണല്‍ തിട്ടയെമൂന്നു തവണ പ്രദക്ഷിണം ചെയ്ത് ചുവന്ന പട്ടില്‍ കോഴികളെ സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ മൂലയില്‍ വേണാടന്‍ കൊടികള്‍ ഉയരും. തുടര്‍ന്ന് ക്ഷേത്ര അധികാരികളും പിന്നെ ഭക്തരും കോഴികളെ സമര്‍പ്പിക്കും

രേവതി വിളക്ക്
രേവതി നാളില്‍ നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് 'രേവതിവിളക്ക് തൊഴല്‍'. അന്നേ ദിവസം ക്ഷേത്രത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള കല്‍വിളക്കില്‍ രേവതിദീപം തെളിയിക്കുന്നു. ദാരികനില്‍ ഭദ്രകാളി വിജയം നേടിയതിന്റെ വിളംബരമാണ് രേവതി വിളക്ക്. രേവതി നാളിലെ ദേവീദര്‍ശനം ഐശ്വര്യപ്രദായകവും ദുരിതനാശകരവും ആണെന്നാണ് വിശ്വാസം. രേവതിക്ക് തലേ ദിവസം തന്നെ ധാരാളം ഭക്തജനങ്ങളും ചെമ്പട്ടണിഞ്ഞ കോമരങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.

കാവുതീണ്ടല്‍
'രേവതി വിളക്കു തൊഴല്‍' കഴിഞ്ഞു പിറ്റേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രസിദ്ധമായ 'തൃച്ചന്ദനച്ചാര്‍ത്തു പൂജയും' തുടര്‍ന്ന് 'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന 'കാവു തീണ്ടല്‍' എന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങുമാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. 'തീണ്ടുക' എന്നാല്‍ അശുദ്ധമാക്കുക എന്നാണ് അര്‍ത്ഥം. ചുവന്ന പട്ടുടുത്ത് വാളും ചിലമ്പും ധരിച്ച ധാരാളം വെളിച്ചപ്പാടുകള്‍ അന്നേ ദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഭക്തര്‍ ക്ഷേത്രത്തിലെ ചെമ്പോല തകിടുകളില്‍ മുളംതണ്ട് കൊണ്ട് അടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്യുകയും ശെഷം മുളംതണ്ടില്‍ താളമിട്ടു ദേവീസ്തുതികള്‍ പാടി നൃത്തം ചെയ്യുന്നു. ദേവീ പ്രീതിക്കായി വാളും ചിലമ്പും ധരിക്കുക, ശത്രുതാദോഷ നിവാരണത്തിനായി ചെമ്പട്ട് കൊണ്ട് കോഴിക്കല്ല് മൂടുക, മഞ്ഞളും കുരുമുളകും ഉഴിഞ്ഞിടുക, കോഴി പറത്തല്‍ തുടങ്ങിയ വഴിപാടുകളും അന്ന് നടത്തപ്പെടുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടല്‍ എന്ന ചടങ്ങ്- ക്ഷേത്രത്തെ അശുദ്ധമാക്കുന്ന എന്ന പ്രതീകാത്മകമായ ചടങ്ങാണിത്ഭരണിനാളിനു തലേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടല്‍. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം 'അശ്വതീപൂജ' എന്ന പേരില്‍ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു.ക്ഷേത്രാധികാരിയായ വലിയ തമ്പുരാന്‍, എടമുക്ക് മൂപ്പന്മാര്‍ ചുമക്കുന്ന പല്ലക്കില്‍ സര്‍വാഭരണഭൂഷിതനായി ബലിക്കല്‍ പുരയില്‍ എഴുന്നെള്ളുന്നു. പാലയ്ക്കല്‍ വേലന്‍ പടിഞ്ഞാരെ നടയില്‍ പീഠമിട്ട് ഇരിക്കും. തമ്പുരാന്റെ അനുവാദത്തോടെ അടികള്‍ പൂജക്കായി ശ്രീക്കോവിലില്‍ പ്രവേശിക്കും.ഈ സമയം തന്ത്രിയും തമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തികത്ത് പ്രവേശിക്കും . ശ്രീകോവിലിലെ എല്ലാ പൂജാസാധങ്ങളും പുറത്തുവെച്ച്, പരാശക്തിയുടെ പ്രതിഷ്ഠയില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റി, ശ്രീകോവില്‍ കഴുകി വൃത്തിയാക്കുന്നു.പിന്നീടുള്ള പൂജകള്‍ പുതിയ പാത്രങ്ങള്‍ ഉപയോഗിച്ചാണ്. കരിക്ക് മൂട് വെട്ടി ആ കരിക്കുവെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തൃച്ചന്ദനമുണ്ടാക്കി, വിഗ്രഹത്തില്‍ ചാര്‍ത്തുന്നു. അടികള്‍ക്കാണ് ഇതിന്നവകാശം. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കല്‍പ്പം.പാരമ്പര്യമായി കിട്ടിയ രഹസ്യമന്ത്രങ്ങള്‍ കൊണ്ട് തൃച്ചന്ദനപൂജകള്‍ കഴിഞ്ഞ് അടികള്‍മാരും അകത്തുണ്ടായിരുന്ന തന്ത്രിയും തമ്പുരാനും പുറത്തിറങ്ങും. പിന്നീടാണ് കാവുതീണ്ടലിന് തമ്പുരാന്‍ അനുവാദം കൊടുക്കുന്നത്.തൃച്ചന്ദനപൂജകള്‍ കഴിഞ്ഞ് അടച്ച നട തുറക്കുമ്പോള്‍ അടികള്‍മാര്‍ ചേര്‍ന്ന് വരിയരി പായസം നിവേദിക്കും. ഇതിനുള്ളനെല്ല് പരമ്പരാഗതമായി എത്തിക്കുന്നത് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂര്‍ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധിയാണ്.
ഉത്രട്ടാതി നാള്‍ മുതല്‍ കാവില്‍ കോമരങ്ങള്‍ എത്തിത്തുടങ്ങും. രേവതിവെളുപ്പിന് വടക്കുനിന്നും തെക്കുനിന്നും കോമരങ്ങളുടെ വന്‍ കൂട്ടം തന്നെ കാവില്‍ ഉണ്ടാകും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ ഭരണിക്ക് എത്താറുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നും ഉണ്ടാകാറുണ്ട്. കോയമ്പത്തൂരില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ കോമരങ്ങള്‍ കൂടുതലും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നാണ്. ഓരോ ദേശത്തും ഒരു പ്രധാന കോമരത്തിന്റെ കീഴില്‍ ഒരു സംഘം ഉണ്ടാകും.കോമരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ വരുന്നത് വഴിപാടുസാമഗ്രികളുമായാണ്. അവര്‍, വഴിക്ക് ചില വീടുകളൊക്കെകയറി ഭിക്ഷ (നെല്ല്) വാങ്ങിച്ചുകൊണ്ടാണ് വരാറ്. അങ്ങനെ തെണ്ടി വരണം എന്നുമുണ്ട്. ഭിക്ഷയായി കിട്ടുന്ന നെല്ല് ചാക്കിലാക്കി ചുമന്നുനടക്കാന്‍ കോമരത്തിനൊപ്പം വേറെയും ആളുകള്‍ ഉണ്ടാകും. വഴിപാടായി നെല്ല് കൂടാതെ തിനപോലുള്ള ധാന്യങ്ങള്‍, കുരുമുളക്, മഞ്ഞള്‍പ്പൊടി, എള്ള്, കടുക്, തേങ്ങ എന്നിവയുണ്ടാകും. ഇവ പൊതിഞ്ഞുകെട്ടി പള്ളിമാടത്തിലേക്ക് എറിയുകയാണ് ചെയ്യാറ്. നാണയങ്ങളും എറിയാറുണ്ട്. കുരുമുളകും മഞ്ഞള്‍പ്പൊടിയും വസൂരിമാലയുടെ കെട്ടിലേക്കും എറിയും. കുരുമുളകും മഞ്ഞള്‍പ്പൊടിയുമാണ് വഴിപാടായി ഏറ്റവും കൂടുതല്‍ വരാറുള്ളത്.കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങള്‍ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയില്‍ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നല്‍കുന്ന വാളുമായാണ് കോമരങ്ങള്‍ കാവുതീണ്ടുന്നത്.ഇതിനുശേഷം നടതുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യപ്രധാനിയാണ് എന്ന് ഭക്തര്‍ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയില്‍കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടല്‍ ആരംഭിക്കുകയായി. പാലക്കവേലന്‍ എന്ന മുക്കുവനാണ് ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍. പാലക്കവേലന്റെ കയ്യില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചശേഷമാണ് തമ്പുരാന്‍ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നില്‍ക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകള്‍ മുഴങ്ങുന്ന തരത്തില്‍ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ് കാവുതീണ്ടല്‍. കാവുതീണ്ടല്‍ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാര്‍ക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ കാവില്‍ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്. അതിന്റെ ഓര്‍മ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ചെമ്പ് പലകയില്‍ അടിച്ചുകൊണ്ടാണ് ഈ പ്രദക്ഷിണം വക്കല്‍ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളില്‍ നടതുറപ്പ് എന്നാണ് പറയുക.

അച്ഛന്റെ തോളിലേറി ഒരു കുട്ടി കാവിലേക്ക്- ചെറിയ കുട്ടികളും കാവു തീണ്ടലില്‍ പങ്കെടുക്കുന്നു
കാവുതീണ്ടല്‍ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നല്‍കുക.കാളി- ദാരിക യുദ്ധത്തില്‍ മുറിവേറ്റ് ചികില്‍സ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്. 40 കിലൊഗ്രാം ശര്‍ക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്.  പിറ്റേന്ന് മുതല്‍ ഒരോ നേരത്താണ് പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാല്‍ അടികള്‍ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക.അതിനുശേഷം ഭഗവതിയെ പള്ളിമാടത്തില്‍ സങ്കല്‍പ്പിച്ചിരുത്തും. കിണ്ടിയില്‍ ഉടയാടകളും,വാല്‍ക്കണ്ണാടിയും വെച്ച് അതിനുമുമ്പില്‍ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകള്‍ തെളിയിക്കും.ഇതോടെ വടക്കെ നടയിലെ കൊടിമരത്തില്‍ വെന്നിക്കൊടി ഉയര്‍ത്തുന്നതോടെ ഭരണി മഹോല്‍സവും സമാപിക്കുന്നു.

ഭരണിപ്പാട്ട്
കോഴിക്കല്ലുമൂടല്‍ ചടങ്ങു കഴിഞ്ഞ ഉടന്‍ തന്നെ വടക്കേഗോപുരത്തില്‍ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയില്‍ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങള്‍ ഇല്ല. ഇവരിലെ കാരണവര്‍ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവര്‍ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.കാവ് തീണ്ടല്‍ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടും ആണു ഭക്തര്‍ കാവ് തീണ്ടുന്നത്. ചിലര്‍ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു. ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്‌തോത്രങ്ങള്‍ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്ന് 'അമ്മേ നാരായണ' പോലെയുള്ള ഭഗവതിസ്തുതികള്‍ ആണ് കൂടുതലും പാടിക്കാണുന്നത്.

അവകാശത്തറകള്‍
ചില ദേശങ്ങളിലെ കോമരങ്ങള്‍ക്ക് ഭരണിക്കാലത്ത് ഒതുകൂടാനുള്ളതാണ് അവകാശത്തറകള്‍. ഏകദേശം 47 തറകളോളമുണ്ട്. ഇതില്‍ ഭൂരിഭാഗവും വടക്കന്‍ ജില്ലകളില്‍ നിന്നും വരുന്ന ദേസക്കാരുടെ വകയാണ്.ആല്‍ത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയംപറമ്പില്‍ തറവാട്ടുകാരാണ്. ഈ പണം വലിയ തമ്പുരാനുള്ളതാണ്.തറകളില്‍ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളില്‍ മറ്റു ദേശക്കാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ല.ഇത്തിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുറന്‍ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നല്‍കുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയര്‍ത്തുന്നത് ഇവിടെയാണ്.

photos Gokul Das

No comments:

Post a Comment