ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക
'അംഗജരിപൂവൊടു ചേര്‍ന്നു കളിക്കും
ഭംഗ്യാ നിന്മെയ് തൊഴുന്നേന്‍ ജയ ജയ!
സുന്ദര രൂപേ, ഗിരിതനയേ - ഊരക
ത്തിലമര്ന്നെഴുമംബേ ജയ ജയ!!'
ലോകേശ്വരിയായ ഊരകത്തമ്മതിരുവടിയെക്കുറിച്ച് എഴുതിയതാണെന്ന് പറയപ്പെടുന്ന ഈ ശ്ലോകശകലം ആരു രചിച്ചതാണെന്ന് അറിഞ്ഞുകൂടാ. ഈയിടെ പുരാണങ്ങള്‍ വായിക്കുവാന്‍ സമയം ലഭിച്ചപ്പോള്‍
എവിടെയോ ഈ ശ്ലോകം ദൃഷ്ടിയില്‍പ്പെട്ടു. അത് ഓര്‍മ്മയില്‍ നിന്നെടുത്തു
പകര്‍ത്തുന്നു.
'ഉച്ചക്കുഴറി വരുന്ന ജനത്തിന്
വെച്ചിഹ ചോറുവിളമ്പവളെ
ജയ!!'
ഇതും പൂര്‍ണ്ണമാകാത്ത ഒരു ശ്ലോകമാണ്. ഇവ കൂട്ടിവായിക്കുമ്പോഴാണ്
ഊരകത്തമ്മതിരുവടിയുടെ കാര്‍ത്തിക ഊട്ടിന്റെ പ്രസക്തി ഭക്തമനസ്സില്‍
ഏറിവരുന്നത്.
വൈക്കത്ത് പെരുംതൃക്കോവിലപ്പനേപ്പോലെ അമ്മതിരുവടിക്കും
ഏത്രയും പ്രിയപ്പെട്ട വഴിപാടുകളില്‍ അന്നദാനവും ഉള്‍പ്പെടുന്നതായി മേല്‍പ്പറഞ്ഞ
ശ്ലോകങ്ങള്‍ വ്യക്തമാക്കുന്നു.
പണ്ട് വലയാധീശ്വരിയായ അമ്മതിരുവടിയുടെ
അധികാര പ്രദേശങ്ങളില്‍ വിളവ് നന്നാവുന്നതിലേക്കായി പല കൃഷിക്കാരും ഭഗവതിക്ക്
വഴിപാടു നേരുകയും കൃഷി കഴിഞ്ഞ് നെല്ലും അരിയും യഥാശക്തി മുന്‍കാലങ്ങളില്‍ കൊടുത്തു
പോന്നിരുന്നതായി അനുമാനിക്കപ്പെടുന്നു. എല്ലാ ദിവസവും തൊഴാന്‍ വരുന്ന പലരും
പലവ്യജ്ഞനങ്ങളും കായഫലങ്ങളും കൂട്ടത്തില്‍ നല്കി പോന്നിരുന്നതായി
അനുമാനിക്കപ്പെടുന്നു. ഇവയൊക്കെ അമ്മതിരുവടിയുടെ പിറന്നാളായ വൃശ്ചികമാസത്തിലെ
തൃക്കാര്‍ത്തിക നാളില്‍ പിറന്നാള്‍ പ്രസാദമായി പങ്കെടുക്കാനെത്തിയ ഭക്തജനാവലിക്ക്
നല്കി അനുഗ്രഹിച്ചു പോന്നു. പിറന്നാള്‍ ഉത്സവത്തോടനുബന്ധിച്ചു നടന്നു വന്നിരുന്ന
മുറജപ സദ്യക്കും വിഭവങ്ങള്‍ എത്ര കുറവായാലും ആര്‍ക്കും തികയാതെ വന്നിട്ടില്ലെന്ന്
ഇതു സംബന്ധിച്ച ഐതീഹ്യങ്ങളും അനുഭവജ്ഞരും സാക്ഷ്യപ്പെടുത്തുന്നു. ഇതൊക്കെ
രാജ്യഭരണകാലഘട്ടങ്ങളിലെ വെളുപ്പെടുത്തലുകള്‍ മാത്രമായി കാണാം.
കാലം പോയി.
രാജ്യഭരണം പോയി. മഹത്തരമായ ജനാധിപത്യഭരണം വരവായി. ക്രമേണ എല്ലാം കുറഞ്ഞു വന്നു.
ഒടുവില്‍ എല്ലാ ചടങ്ങുകളും നാമമാത്രമായി. ജഗദീശ്വരിയുടെ പരിപാവനമായ എല്ലാ
ചടങ്ങുകളുടേയും ഒപ്പം പ്രശസ്തമായ കാര്‍ത്തിക ഊട്ട് ഭക്തരുടെ ഹൃദയത്തില്‍,
നാവുകളുടെ രസങ്ങളില്‍, വേദനയുടെ നനവൂറുന്ന ഒരു ചെറു ഓര്‍മ്മയായി.
കാല
ത്തിന്റെ കുത്തൊഴുക്കില്‍ പലതും തകര്‍ന്നടിഞ്ഞെങ്കിലും അമ്മത്തിരുവടിയുടെ
അനുഗ്രഹാശ്ശിസ്സും ഇച്ഛാശക്തി കൈമുതലായ ഒരു പുത്തന്തലമുറയും ചേര്‍ന്ന് ഭഗവതിയുടെ
തൃക്കാര്‍ത്തിക പഴയ മോടിയോടെ നടത്തുവാന്‍ പുറപ്പെട്ടു. ഈ പുറപ്പാടിന് വളരെ
പഴക്കമില്ലെന്ന് അനുഭവജ്ഞര്‍ പറയുന്നു. അക്കാലങ്ങളിലെ തൃക്കാര്‍ത്തിക ദിവസം 50-ല്‍
കവിയാത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ട് നടത്തിയായിരുന്നു മുടങ്ങിപ്പോയ ചടങ്ങ്
തുടങ്ങി വച്ചത്. അത് വടക്കേ ഊട്ടുപുരയിലായിരുന്നു. ഭഗവതിയേച്ഛയാല് അത് ഒരു നല്ല
തുടക്കമായിരുന്നു. ഇതിന് അവിശ്വസനീയമായ സഹകരണമാണ് ഭക്തരില്‍ നിന്നും ലഭിച്ചത്.
ഇതിനിടയില്‍ 1982ല്‍ നവീകരണകലശം, കോടിയര്‍ച്ചന എന്നിവ നടന്നത് സംഘാടകര്‍ക്ക് ഒരു
പുതിയ ഉണര്‍വ്വ് നല്കി. അതോടെ ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം
പേര്‍ക്ക് പിറന്നാള്‍ പ്രസാദ വിതരണം നടത്തുവാന്‍ ഭക്തരുടെ സഹായത്തോടെ
സംഘാടകര്‍ക്ക് കഴിഞ്ഞു.
1997 മുതല്‍ പ്രസാദ ഊട്ടിന് എത്തുന്നവരുടെ
ബാഹുല്യം കണക്കിലെടുത്ത് പ്രസാദ ഊട്ട് വടക്കേ പ്രദക്ഷിണ വഴിയിലേക്ക്
താത്ക്കാലിക പന്തലിലേക്ക് മാറ്റി. അതിനു ശേഷം സ്ഥിരമായി ക്ഷേത്രമതിലിന്
പുറത്തുള്ള ഈ പ്രദക്ഷിണ വഴിയിലെ പന്തലില്‍ പ്രസാദഊട്ട് തുടരുന്നു. എത്ര പേര്‍ക്ക്
പ്രസാദ ഊട്ട് നല്‍കേണ്ടി വന്നാലും എത്ര ചിലവ് ഇതിനായി വേണ്ടി വന്നാലും ഭഗവതിയുടെ
അനുഗ്രഹത്താല്‍ ഇപ്പോള്‍ ഒന്നിനും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. ഇതിനാവശ്യമായ
ഒന്നും വിലകൊടുത്ത് വാങ്ങേണ്ടി വരാറില്ല. ഈ സംരഭത്തിന് കേരളത്തിനകത്തും പുറത്തും
ഭാരതത്തിനു വെളിയിലും ഉള്ള ഭക്തര്‍ ജാതിമതഭേദമന്യേ കൈയയച്ചു സഹായിക്കുന്നു.
സാമ്പത്തികമായും പ്രസാദ ഊട്ടിനു വേണ്ട സാമഗ്രികളുമായും ഭഗവതിയുടെ
അനുഗ്രഹാശിസ്സുകള്‍ക്കു വേണ്ടി.
ലോകനായകിയായ, ജഗദീശ്വരിയായ അമ്മതിരുവടിയുടെ
പിറന്നാള്‍ദിനമായ തൃക്കാര്ത്തികോത്സവം സ്വര്ണ്ണത്തിടമ്പോടേയും,
സ്വര്ണ്ണകോലത്തോടേയും, സ്വര്ണ്ണവില്ക്കാശുകള് തൂക്കിയ പട്ടുകുടയോടെ
അഞ്ചാനപ്പുറത്ത് പഞ്ചാരിമേള ലഹരിയില്‍ നടക്കുമ്പോള്‍ ക്ഷേത്രമതിലിനു പുറത്ത് നാലു
പ്രദക്ഷിണ വഴികളിലും, ക്ഷേത്രത്തിലേക്ക് നയിക്കുന്ന എല്ലാ വഴികളിലും ദേവിയുടെ
പിറന്നാള്‍ സദ്യക്ക് എത്തിച്ചേരുന്നവരുടെ ഒരു മഹാമേളയാണ്. ജാതിമതഭേദചിന്തകളോ ധനിക
കുബേര അതിര്‍വരമ്പുകളോ ഇല്ലാതെ എല്ലാ തുറകളിലും പെട്ടവരുടെ പ്രസാദ ഊട്ടിനായുള്ള
പ്രവാഹം.
പ്രത്യേകിച്ച് ഒരു മേല്‍നോട്ടമോ, നിയന്ത്രണമോ ഇല്ലാതെ എല്ലാവരേയും
സാക്ഷാല്‍ അമ്മതിരുവടി നിയന്ത്രിച്ച് എല്ലാവര്ക്കും സംതൃപ്തി നിറഞ്ഞ തന്റെ
പിറന്നാള്‍ സദ്യ നല്കുന്ന അത്യപൂര്‍വ്വമായ കാഴ്ച! ഇത് ഈ
പുണ്യക്ഷേത്രസങ്കേതത്തിലല്ലാതെ ലോകത്തില്‍ ഒരിടത്തും ദര്‍ശിക്കാന്‍ കഴിയില്ലെന്ന്
ദോഷൈകദൃക്കുകള്‍ പോലും സമ്മതിക്കും. അത്രയ്ക്കും ധന്യവും പരിപാവനവും പൂര്‍ണ്ണവുമായ
പിറന്നാള്‍ വിരുന്ന്. ഈ വര്‍ഷവും ഭഗവതിയുടെ പിറന്നാള്‍ സദ്യക്ക് ആയിരങ്ങള്‍
എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുണ്യ കര്‍മ്മങ്ങളില്‍
പങ്കാളികളാകുന്നവര്‍ക്ക് പുരാണങ്ങളില്‍ പറയാറുള്ള പഞ്ചമഹാഭാഗ്യങ്ങള്
(ദീര്‍ഘായുസ്സ്, സന്താനം, സമ്പത്ത്, സത്കീര്‍ത്തി, കവിത്വം) എന്നീ മഹാഗുണങ്ങള്‍
കൈവരിക്കാനാകുമെന്ന് ജദീശ്വരി അരുളി ചെയ്യുന്നു.
'മലര്ശരജയ വൈജയന്തി -
മഞ്ഞിന്
മലയുടെ മഞ്ജുള മംഗളക്കുരുന്നേ
മലയജ മഹനീയ മന്ദഹാസാ-
മലവദനേ -
ജയ, മാമാറക്കഴമ്പേ!'



No comments:
Post a Comment